കരിമ്പന്‍: ദൈവാലയങ്ങള്‍ കൂട്ടായ്മയുടെ അടയാളമാണെന്ന് ഇടുക്കി രൂപത ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. നവീകരിച്ച വാത്തിക്കുടി ലൂര്‍ദ് മാതാ പള്ളിയുടെ കൂദാശാകര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റ ജനത ആത്മീയ നേതൃത്വത്തോട് ചേര്‍ന്നുനിന്നു കൂട്ടായ്മയില്‍ തങ്ങളുടെ കഴിവും സമ്പത്തും സമയവുമെല്ലാം പങ്കുവച്ചാണ് ദേവാലയങ്ങള്‍ പടുത്തുയര്‍ത്തിയത്.
ഓരോ ദേവാലയത്തിന്റെ പിന്നിലും നിരവധിപ്പേരുടെ ത്യാഗത്തിന്റെയും കഷ്ടപ്പാടുകളുടെയും കഥയുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കും ആത്മീയവും ഭൗതികവുമായ ഉണര്‍വ് പ്രധാനം ചെയ്യുന്നതിനും ധാര്‍മികവും വിശുദ്ധവുമായ വഴിവിളക്കുകളായി ശോഭിക്കുന്നതിനും ദൈവാലയങ്ങള്‍ക്ക് കഴിയണമെന്നും ബിഷപ് പറഞ്ഞു.
വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം പുറയാറ്റ്, ഫാ. ജോസഫ് കുമരകത്തുകാലായില് എന്നിവര്‍ സഹകാര്‍മികരായിരുന്നു. നിരവധി വൈദികരും സമര്‍പ്പിതരും വിശ്വാസികളും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്നു സണ്‍ഡേ സ്കൂള്‍- ഭക്തസംഘടനകള്‍ എന്നിവയുടെ വാര്‍ഷികവും കലാസന്ധ്യയും നടന്നു. വിവിധ മേഖലകളില്‍ മികവുപുലര്‍ത്തിയവര്‍ക്കും ദൈവാലയ നിര്‍മാണത്തില്‍ സഹകരിച്ചവര്‍ക്കും ബിഷപ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്തംഗം വി.എ. ഉലഹന്നാന്, അഡ്വ. കെ.കെ. മനോജ്, ക്ലര്‍ക്ക് സെബാസ്റ്റ്യന്‍ എന്നിവരും സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. ജിന്‍സ് കാരയ്ക്കാട്ട്, സിബി ചക്കാലയില്‍, ഷാജി പൊന്‍പുഴ, സണ്ണി ചെമ്പനാനിക്കല്‍, ബിജു പാലക്കാട്ട ്എന്നിവര്‍ നേതൃത്വം നല്കി.